പ്രണയശേഷം




















ഇത്‌ ശിരുവാണീതീരം..
എൻ മടിയിൽ നിൻ ശിരസ്സ്‌.

നിൻ കണ്ണിലാകാശം

ആകാശത്തിൽ നമ്മുടെ നക്ഷത്രക്കുഞ്ഞുങ്ങൾ..
പുഴയുടെ കിലുക്കങ്ങൾ..
അടക്കം പറച്ചിലുകൾ..
തൊട്ടിലിൻ കിങ്ങിണികൾ..
സമഗതി വേഗങ്ങളിൽ കുഞ്ഞുങ്ങളുറങ്ങുന്നു..



ഇത്‌ ഭവാനിപ്പുഴ,
കൃഷ്ണയുടെ കണ്ണുനീർ.

കടലിനെയറിയാൻ
കുറുക്കുവഴികളറിയാതെ,
പരന്ന് ..
പതറി..
ആകാശം മറന്ന്..
ഒഴുകി നേർക്കുന്നു..

തീരങ്ങളിരുളിൽ,
കണ്ണുകൾ നക്ഷത്രങ്ങൾ
വിരിയാക്കണ്ണുകൾ
പകൽ പരക്കും..

തീരങ്ങളിലുണ്ണികൾ
അമ്മയെമറന്നച്ഛനെ-
യറിയാത്തോരുണ്ണികൾ..

കാടിന്നിരുളും
തീരവെയിലും
പുഴയൊഴുക്കിൽ
മറന്നു ചിരിച്ചതിങ്ങനെ..

ഇത്‌ കുന്തി, .....'കാട്ടാറ്‌'.

കടലിരമ്പം കാമിച്ച്‌
കാടിളക്കി
കടലിലേക്കകലം അളന്ന്
ആർത്തലച്ച്‌
കുറുകിക്കുതിക്കുന്നു..

അറിഞ്ഞുമറിയാതെയും
നഗരവേഗങ്ങളിലലിഞ്ഞ്‌
കടലിലേക്കെടുത്തു ചാടുന്നു..

ഇത്‌ കുന്തി..;
കാട്ടാറ്‌..
'ഒരു വെറും പാവം കാട്ടാറ്‌.'

മകൾ

















മകളേ;

മൂന്നക്ഷരം ഏതു മഷിയിലെഴുതേണ്ടൂ..?

കാടിന്റെ കടുംപച്ച
മുലപ്പാലിൻ തൂവെള്ള
നിന്നെ നീയാക്കിയ രക്തച്ചുവപ്പ്‌..
നിനക്കേറേ പ്രിയതരം വയലറ്റ്‌,
ശൂന്യതയുടെ കടുംകറുപ്പ്‌?

അല്ല, അല്ലേ അല്ല..
എന്നെപ്പോ
ലൊഴുകിയൊഴികി-
നേർത്തയിപ്പുഴയുടെ നിറത്തിൽ..
ഇല്ലാമഴിയിലെഴുതണം
മകളേയെന്ന മൂന്നകഷരം..

അല്ലെങ്കിലെന്തിനെഴുതണം ??

എഴുത്തിനും വാക്കിനും നോക്കിനും
മീതെയെൻ മകൾ

ഭ്രാന്ത്‌




കാണാതായൊരാപ്പുഴയുടെ

ഒഴുക്കിനോർമ്മക്കും

ഈണത്തിനുമൊപ്പം നടന്നാണീയമ്മയുടെ
ഭ്രാന്ത്‌ ലോകമറിയുന്നതു തന്നെ.

അടുക്കളയിലെ വലിയ ഉപ്പുമാങ്ങാ ഭരണിയാ
നടുത്തൾത്തിൽ കണ്ടമ്മ ...


കണ്ണുരുട്ടി പല്ലിറുമി
കിണറടച്ചടപ്പിൽ റബ്ബറൊട്ടു പാലുണക്കാനിടുന്നതും..

അടുപ്പിൽ തീപുകയാത്തതും
അമ്മയറിഞ്ഞില്ല..

കഴിവുമൊഴിവും പാർത്താ മക്കളെയമ്മ
പരിചരിച്ചും
ഉപചരിച്ചും
കാലം കഴിക്കുന്നു..

വൃത്തിയിൽ
വെടിപ്പിൽ
ആസ്പത്രിയിൽ
വീട്ടിൽ അവർക്കമ്മ തന്നടയാളങ്ങൾ..

എന്നാലും ആ കൈനഖങ്ങളിലെവിടെയോ
വിറ്റഴിച്ചൊഴിവാക്കിയൊരാ പഴയ
പാണ്ടിപ്പശുവിൻ ചാണകം മണക്കുന്നു..

കരിന്തിരി കത്തിക്കെടും മുൻപേ
തിരി പിഴിഞ്ഞു തുടച്ച വിളക്കിൻ
കൊട്ടെണ്ണയുടെ കെട്ടമണമാമുടുമുണ്ടിലും നിറയുന്നു..

പട്ടുപാവാടയിടീച്ചാണെന്നെ
പട്ടടയിലേക്കെടുക്കേണ്ടതെന്നമ്മയിങ്ങനെ...
കെഞ്ചിയും കൊഞ്ചിയും
ചിലമ്പുന്നതെന്തിനായ്‌ ?

മക്കൾ വിചാരിപ്പൂ..
വളർന്നു പടർന്നൊരീ
ചെമ്പകം പൂക്കാത്തതിനാലാകണം
അമ്മക്കു ഭ്രാന്തു പിടിച്ചെന്നതാകാം..

അമ്മയോ കരുതുന്നു,
മതിഭ്രമത്തിനാൽ
ചെമ്പകം പൂക്കാതെ പൊയ്പ്പോയതാകയായ്‌.

വിചാരദ്വയങ്ങളങ്ങനെ പോകവേ-
യാണമ്മയെ ശോകമറിയിക്കാതിരിക്കാനച്ചനന്നേ
വെട്ടിമാറ്റിയോരശോകമരത്തിന്റെ
വേർമുഴ മുറ്റത്തു ചിതലരിക്കുന്നതും..